രാഷ്ട്രീയ സാമൂഹ്യചരിത്രം

മൂക്കുന്നിമലയുടേയും വെള്ളായണി കായലിന്റേയും സാമീപ്യമേറ്റുകിടക്കുന്ന പള്ളിച്ചല്‍ പഞ്ചായത്തിന് തിരുവിതാംകൂര്‍ ചരിത്രവുമായി  അഭേദ്യമായ  ബന്ധമുണ്ട്. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ താളുകളിലൂടെ കണ്ണോടിച്ചാല്‍ പള്ളിച്ചല്‍ എന്ന സ്ഥലനാമം വളരെ പ്രാധാന്യത്തോടെ കാണാന്‍  കഴിയും പള്ളിച്ചല്‍ പഞ്ചായത്തിന്റെ  മറ്റൊരു പ്രധാന ഭാഗമയിരുന്നു വെങ്ങാനൂര്‍ പ്രദേശം. ഗതകാല സ്മരണകളുയര്‍ത്തുന്ന ചില അവശേഷിപ്പുകള്‍ ഇപ്പോഴും ഈ ഗ്രാമപഞ്ചായത്തിലുണ്ട്. മക്കത്തായ-മരുമക്കത്തായത്തര്‍ക്കത്തില്‍ പങ്കാളികളായിരുന്ന  എട്ടുവീട്ടില്‍ പിള്ളമാരുടെ രണ്ടു കുടുംബങ്ങളുടേയും അവരുടെ തായ്വഴികളുടേയും ചിത്രം ഇന്ന് ചരിത്രത്താളുകളിലാണ്. പള്ളിച്ചല്‍ പിള്ളയും വെങ്ങാനുര്‍ പിള്ളയും, കൊല്ലും കൊലയും നടത്തിയിരുന്ന നാട്ടുഭരണ രീതിയായിരുന്ന കാലത്ത് ഈ കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു ഫ്യൂഡല്‍ സമൂഹമാണ്  ഇവിടെയുണ്ടായിരുന്നത്. ഇവരില്‍ നിന്നും രക്ഷ നേടാനായി  പലായനം  ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ ഒരിക്കല്‍ ഭഗവതി നടയില്‍ ഒളിച്ചുതാമസിച്ചതായി  പറയപ്പെടുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് സാമൂഹ്യ വ്യവസ്ഥിതികള്‍ മാറിയിരിക്കുന്നു. പണ്ട്, ഇന്നത്തെ പള്ളിച്ചല്‍ ഉള്‍പ്പെടുന്ന പ്രദേശം ബുദ്ധഭിക്ഷുക്കളുടെ കേന്ദ്രമായിരുന്നു. വെമ്പന്നൂര്‍ ശാസ്താക്ഷേത്രപരിസരവും പള്ളിച്ചല്‍ പ്രദേശവും അവരുടെ പ്രധാന സാങ്കേതങ്ങളായിരുന്നു. ബുദ്ധ ഭിക്ഷുക്കളുടെ ആശ്രമങ്ങള്‍ ‘പള്ളികള്‍‘ എന്നാണറിയപ്പെട്ടിരുന്നത്. പള്ളികള്‍ എന്ന വാക്ക് കാലക്രമത്തില്‍ ‘ പള്ളിച്ചലായി ‘ മാറി  എന്നാണ് ഐതിഹ്യം. ഇവരുടെ ആശ്രമം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണത്രേ ഇന്നത്തെ വെമ്പന്നൂര്‍ ശാസ്താംക്ഷേത്രം  സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗം ജനതയും  ഹിന്ദുക്കളാണ്. പൂങ്കോട് മുള്ളുവിള  ക്ഷേത്രം മൂന്നാം വാര്‍ഡിലെ ശാസ്താ ക്ഷേത്രം, ചുറ്റിക്കോട്ട് മുടിപ്പുറ, വെടിവച്ചാന്‍ കോവില്‍ ഭൂതമ്മന്‍ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലെ  ഉത്സവങ്ങള്‍ പഞ്ചായത്തിലെ പ്രധാന ആഘോഷമായി കണക്കാക്കുന്നു. വെടിവച്ചാന്‍ കോവില്‍  ക്ഷേത്രത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കും വിധത്തിലാണ് അവിടത്തെ വെടി വഴിപാട്. ആലൂമ്മൂട് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഈ സ്ഥാപനത്തിന് പേരുമാറ്റം വന്നത് വെടിവഴിപാടിന്റെ മഹത്വം കൊണ്ടാവാം. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആറാട്ട് എഴുന്നള്ളത്തിന് വില്ല് ഉണ്ടാക്കിക്കൊടുത്തിരുന്നത് വില്ലാംകോട്  ക്ഷേത്രപരിസരവാസികളായിരുന്ന വില്ലുകുറുപ്പന്മാര്‍ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഭഗവതിനട ക്ഷേത്രവും, പഞ്ചായത്തിലെ തന്നെ ഒരേയൊരു ശിവക്ഷേത്രവും (കേളേശ്വരം), ഒരു മുസ്ലീം യത്തീംഖാനയും, ക്രിസ്തീയ ദേവാലയങ്ങളും ജനങ്ങളുടെ സാംസ്ക്കാരിക രംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന  ഘടകങ്ങളാണ്. പള്ളിച്ചല്‍ വില്ലേജ് യൂണിയന്റെ ആവിര്‍ഭാവത്തിന് മുമ്പ് തെങ്കറത്തലയ്ക്കല്‍, അയണിയറത്തലയ്ക്കല്‍, ഇളമാനൂര്‍ക്കോണം, പെരിങ്ങോട്ടുകോണം തുടങ്ങി എട്ടുദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു പള്ളിച്ചല്‍ പകുതി. വില്ലേജ് യൂണിയന്‍  രൂപികരിച്ചപ്പോള്‍ കുട്ടന്‍പിള്ളയായിരുന്നു പ്രസിഡന്റ്. പിന്നീട് 1952-ല്‍ പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ചപ്പോള്‍ വില്ലേജ് യൂണിയനിലെ ഉദ്യോഗസ്ഥമാരെ പഞ്ചായത്തുകള്‍ക്ക് കൈമാറി. പള്ളിച്ചല്‍ സദാശിവന്റെ നേത്യത്വത്തില്‍  സ്വന്തമായി കെട്ടിടമുണ്ടാക്കി (ഇന്നത്തെ സാംസ്ക്കാരിക നിലയവും പഞ്ചായത്ത് ലൈബ്രറിയും). പള്ളിച്ചല്‍ പഞ്ചായത്തിലെ  ഭൂരിഭാഗം ജനങ്ങളുടേയും ഉപജീവനമാര്‍ഗ്ഗം ക്യഷിയാണെങ്കിലും  കൈത്തറി മേഖലയേയും  ഇവര്‍ ആശ്രയിക്കുന്നു. പതിറ്റാണ്ടുകള്‍  പഴക്കമുള്ള  പല കൈത്തറി സംഘങ്ങളും ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ട് 67 കൊല്ലം മുമ്പ് സ്ഥാപിച്ച പൂങ്കോട് കൈത്തറി സഹകരണ സംഘമാണ് ഈ രംഗത്തെ ഏറ്റവും പഴയ സ്ഥാപനം. 1943-ല്‍ രജിസ്റ്റര്‍ ചെയ്ത തിട്ടവേലിക്കര ഗ്രാമോദ്ധാരണ സംഘം പഞ്ചായത്തിലെ ആദ്യത്തെ വിവിധോദ്ദേശ സഹകരണ സംഘമാണ്. പഞ്ചായത്തിലെ  ആദ്യത്തെ സഹകരണസംഘം രജിസ്റ്റര്‍ ചെയ്യുന്നത് കൊല്ലവര്‍ഷം 1100-ലാണ്. 1960-ല്‍ പള്ളിച്ചല്‍ വില്ലേജ് ബാങ്ക് എന്ന പേരില്‍, പി.എ ഗോവിന്ദപ്പിള്ള, പൈങ്ങാലി അച്ച്യുതന്‍ പിള്ള തുടങ്ങിയവരുടെ ശ്രമഫലമായി  ഒരു സ്ഥാപനം ആരംഭിച്ചു. 1961-ല്‍ ഇത് പള്ളിച്ചല്‍ സര്‍വ്വീസ് സഹകരണ സംഘം എന്നായി മാറി. 1984-ലാണ് ഈ സ്ഥാപനം ഫാര്‍മേഴ്സ് ബാങ്കായി പ്രവര്‍ത്തനം ആരംഭിച്ചത്. പഞ്ചായത്തിന്റെ വിദ്യാഭ്യാസചരിത്രത്തില്‍ കുടിപള്ളികൂടങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. ഇവയില്‍ പെരിങ്ങോട്ടുകോണത്ത്  പ്രവര്‍ത്തിച്ചിരുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതോടൊപ്പം തന്നെ സ്വകാര്യവ്യക്തികളുടേയും സഹകരണാടിസ്ഥാനത്തിലും സ്ക്കൂളുകളും, പാഠശാലകളും പ്രവര്‍ത്തിച്ചിരുന്നു. ചരിത്രസ്മരണകളുറങ്ങുന്ന തിരുവിതാംകൂര്‍ രാജപാതയാണ് പില്‍ക്കാലത്ത് തിരുവനന്തപുരം-കന്യാകുമാരി  ദേശീയ പാതയായി വികസിക്കപ്പെട്ടത്. ഇതിന്റെ ഒരു ഭാഗവും, സംസ്ഥാന റോഡുകളും  ഇടവഴികളും  അടങ്ങുന്നതാണ്  പഞ്ചായത്തിലെ ഗതാഗതശ്യംഖല. ഇതിനുപുറമേ 1976-ല്‍ ഭാരത റെയില്‍വേ മാപ്പില്‍ സ്ഥാനം പിടിക്കാന്‍ നമുക്ക് കഴിഞ്ഞെങ്കിലും, പഞ്ചായത്തിലുള്ള നേമം റെയില്‍വേ  സ്റ്റേഷന്റെ വികസനം ഇപ്പോഴും അപൂര്‍ണ്ണമായി തുടരുന്നു. നരൂവാമൂട്, പ്രാവച്ചമ്പലം, പള്ളിച്ചല്‍, താന്നിവിള, വെടിവച്ചാന്‍കോവില്‍, പുന്നമൂട് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഗ്രാമീണ കേന്ദ്രങ്ങള്‍, തലസ്ഥാന നഗരിയോട്  അടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ് ഇവയെങ്കിലും വികസനം ഇവിടെ എത്തിച്ചേര്‍ന്നിട്ടില്ല